കാവ്യാ മാധവന്‍ എന്‍റെ അനുജത്തി: വിക്രം

WEBDUNIA|
PRO
തമിഴ് സൂപ്പര്‍താരം വിക്രം മലയാള സിനിമയുടെ ആരാധകനാണ്. ഒട്ടേറെ മലയാള സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഇതാ ഒരു സ്നേഹഗാഥ, മയൂരനൃത്തം, മാഫിയ, ധ്രുവം, സൈന്യം, രജപുത്രന്‍ തുടങ്ങിയ സിനിമകളില്‍ വിക്രം അവതരിപ്പിച്ച കഥാപാത്രങ്ങള്‍ മലയാളികള്‍ക്ക് മറക്കാനാവില്ല. തന്‍റെ തുടക്ക കാലത്ത് നല്ല കഥാപാത്രങ്ങളെ നല്‍കി സഹായിച്ചത് മലയാളമാണെന്ന സ്നേഹം വിക്രമിനുമുണ്ട്.

ഒരു തമിഴ് മാഗസിന് വിക്രം അനുവദിച്ച അഭിമുഖത്തില്‍ മലയാളത്തിന്‍റെ സ്വന്തം കാവ്യാ മാധവനെ കുറിച്ച് നടത്തിയ പരാമര്‍ശമാണ് ഇപ്പോള്‍ ഇത് കുറിക്കാന്‍ കാരണം. തന്‍റെ സ്വന്തം അനുജത്തിയെപ്പോലെയാണ് എന്നാണ് വിക്രം പറഞ്ഞിരിക്കുന്നത്. ആത്മാര്‍ത്ഥമായ സ്നേഹബന്ധം അഭിനയിക്കുന്ന കാര്യത്തില്‍ കാവ്യയാണ് തനിക്ക് പ്രിയപ്പെട്ട ജോഡിയെന്നും വിക്രം പറയുന്നു.

“യഥാര്‍ത്ഥമായ സ്നേഹം അഭിനയിക്കുമ്പോള്‍ എനിക്ക് ഏറ്റവും പ്രിയപ്പെട്ട ജോഡി കാവ്യാ മാധവനാണ്. കാശി എന്ന ചിത്രത്തിലാണ് ഞങ്ങള്‍ ഒന്നിച്ച് അഭിനയിച്ചത്. ജ്യേഷ്ഠനും അനുജത്തിയുമായുള്ള ശരിയായ സ്നേഹബന്ധത്തിന്‍റെ ചിത്രീകരണമായിരുന്നു ആ സിനിമയില്‍ ഉണ്ടായിരുന്നത്. ഇന്നും എന്നെ ‘അണ്ണാ’ എന്നാണ് കാവ്യ വിളിക്കുന്നത്” - വിക്രം പറയുന്നു.

വിനയന്‍ സംവിധാനം ചെയ്ത ‘കാശി’ തമിഴകത്തെ സൂപ്പര്‍ഹിറ്റ് സിനിമകളില്‍ ഒന്നാണ്. ‘വാസന്തിയും ലക്‍ഷ്മിയും പിന്നെ ഞാനും’ എന്ന മെഗാഹിറ്റ് മലയാള സിനിമയുടെ തമിഴ് റീമേക്കായിരുന്നു കാശി. കലാഭവന്‍ മണി മലയാളത്തില്‍ അവതരിപ്പിച്ച അന്ധ കഥാപാത്രമായാണ് തമിഴില്‍ വിക്രം വേഷമിട്ടത്.

ജ്യോതിക, ത്രിഷ, അനുഷ്ക എന്നിവരും തനിക്ക് പ്രിയപ്പെട്ട നായികമാരാണെന്ന് വിക്രം ഈ അഭിമുഖത്തില്‍ പറയുന്നു. എന്നാല്‍, ഇപ്പോള്‍ തനിക്ക് ഏറ്റവും ഇഷ്ടമുള്ള നായിക അഞ്ചുവയസുകാരി സാ‍റ(ദൈവത്തിരുമകളില്‍ വിക്രത്തിന്‍റെ മകളായ ‘നിലാ’ എന്ന കഥാപാത്രത്തെയാണ് സാറ അവതരിപ്പിച്ചത്)യാണെന്ന് വിക്രം കൂട്ടിച്ചേര്‍ത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :