അന്‍വര്‍ റഷീദിന് ഒറ്റപ്പെടാന്‍ സാധിക്കില്ല, ഞങ്ങള്‍ സമ്മതിക്കില്ല: ബി ഉണ്ണികൃഷ്ണന്‍

അന്‍‌വര്‍ റഷീദ്‌, പ്രേമം, നിവിന്‍ പോളി, ദിലീപ്, പൃഥ്വിരാജ്
Last Modified ബുധന്‍, 1 ജൂലൈ 2015 (20:36 IST)
‘പ്രേമം’ എന്ന മെഗാഹിറ്റ് സിനിമയുടെ വ്യാജപതിപ്പുകള്‍ വ്യാപകമാകുന്നതിനെതിരെ സിനിമാ സംഘടനകള്‍ ഒന്നും ചെയ്യുന്നില്ലെന്ന് പ്രതിഷേധസ്വരത്തില്‍ ഉറക്കെപ്പറഞ്ഞ് സംവിധായകനും നിര്‍മ്മാതാവുമായ അന്‍‌വര്‍ റഷീദ് എല്ലാ സംഘടനകളില്‍ നിന്നും രാജിവയ്ക്കാന്‍ തീരുമാനിച്ചത് മലയാള സിനിമാലോകത്തെത്തന്നെ പിടിച്ചുലച്ചു. അന്‍‌വറിന്‍റെ രാജിപ്രഖ്യാപനം വന്ന് മിനിറ്റുകള്‍ക്കകം ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ ഫേസ്ബുക്കിലൂടെ തന്‍റെ നിലപാട് കുറിച്ചു. പ്രേമത്തിന്‍റെ വ്യാജപതിപ്പുകള്‍ വേട്ടയാടുന്നതില്‍ ഫെഫ്ക നടത്തിയ ശ്രമങ്ങള്‍ ഈ കുറിപ്പിലൂടെ വിശദമാക്കുന്നു. അന്‍‌വര്‍ റഷീദ് എന്ന കലാകാരനെയും സുഹൃത്തിനെയും ഒറ്റപ്പെടാന്‍ ഞങ്ങള്‍ സമ്മതിക്കില്ല എന്ന പ്രഖ്യാപനം കൂടിയാകുന്നു ഈ കുറിപ്പ്.
 
ബി ഉണ്ണികൃഷ്ണന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം:
 
അന്‍‌വര്‍ റഷീദ്‌ പുതുതലമുറയിലെ എന്റെ ഏറ്റവും പ്രിയപ്പെട്ട സംവിധായകനാണ്‌; വളരെ ഇഷ്ടമുള്ള സുഹൃത്തുമാണ്‌. അദ്ദേഹം നിര്‍മ്മിച്ച പ്രേമം എന്ന സിനിമയുടെ പൈറസി തടയുന്നതിന് യാതൊരു സഹായവും സിനിമാസംഘടനകളുടെ ഭാഗത്തുനിന്ന് ഉണ്ടായില്ല എന്നതില്‍ പ്രതിഷേധിച്ച്‌, അദ്ദേഹം തനിക്ക്‌ അംഗത്വമുള്ള എല്ലാ ചലചിത്ര സംഘടനകളില്‍ നിന്നും രാജിവെയ്ക്കാന്‍ തീരുമാനിച്ചതായി അറിയാന്‍ കഴിഞ്ഞു. ആ പശ്ചാത്തലത്തിലാണ്‌, ഈ വിശദീകരണ കുറിപ്പ്‌.
 
പ്രേമത്തിന്റെ വ്യാജപതിപ്പുകള്‍ വ്യാപകമായി പ്രചരിക്കപ്പെടുന്നു എന്ന വിവരം അറിഞ്ഞപ്പോള്‍, ഞാന്‍ അന്‍വറിനെ അങ്ങോട്ട്‌ വിളിക്കയായിരുന്നു. സംഘടനാപ്രതിനിധി എന്ന നിലയില്‍ ഈ വിഷയത്തില്‍ ഇടപെടാന്‍ തയ്യാറാണെന്ന് അദ്ദേഹത്തെ അറിയിച്ചു. " ഞാന്‍ തിരിച്ച്‌ വിളിക്കാം, ചേട്ടാ.." എന്നണ്‌, അപ്പോള്‍ അദ്ദേഹം എന്നോട്‌ പറഞ്ഞത്‌. രണ്ട്‌ ദിവസങ്ങള്‍ക്കുള്ളില്‍, അദ്ദേഹം എന്നെ വിളിച്ച്‌, പ്രസ്തുത വിഷയത്തില്‍ പോലിസിന് നല്‍കിയ ഒരു പരാതിയെക്കുറിച്ച്‌ പറഞ്ഞു. പരാതിയുടെ പകര്‍പ്പ്‌ എനിക്ക്‌ ഇ മെയില്‍ ചെയ്ത്‌ തന്നു. 
 
തിരുവനന്തപുരത്ത്‌, ഈഞ്ചക്കലുള്ള സൈബര്‍ ക്രൈം ഡിവിഷനിലില്‍ ആയിരുന്നു അദ്ദേഹം പരാതി നല്‍കിയത്‌. ഞാനപ്പോള്‍ തന്നെ, അദ്ദേഹത്തോട്‌ ഡിജിപിക്ക്‌ കൂടി പരാതി നല്‍കാന്‍ പറഞ്ഞു. തുടര്‍ന്ന്, ഞാന്‍ ഡിജിപി ശ്രീ. സെന്‍കുമാറിനെ നേരിട്ട്‌ വിളിച്ച്‌ പ്രശ്നത്തിന്റെ ഗുരുതര സ്വഭാവം ബോധ്യപ്പെടുത്തി. അദ്ദേഹം കേസ്‌ ഊര്‍ജ്ജിതമായി അന്വേഷിക്കാമെന്ന് പറഞ്ഞു. തുടര്‍ന്ന്, അതേ ദിവസം ഞാന്‍ ആഭ്യന്തരമന്ത്രിയെ അദ്ദേഹത്തിന്റെ വീട്ടില്‍ പോയികണ്ട്‌ വിഷയം ധരിപ്പിച്ചു. അദ്ദേഹം, അപ്പോള്‍ തന്നെ എന്റെ ഫോണില്‍നിന്ന് അന്‍വറിനെ വിളിച്ച്‌, ശക്തമായ നടപടികള്‍ ഉണ്ടാവും എന്ന ഉറപ്പ്‌ നല്‍കി. പൊലിസ്‌ ഹെഡ്‌ക്വാര്‍റ്റേഴ്സിലെ, ആന്റി പൈറസി സെല്‍ മേധാവി ശ്രീ. മീണയ്ക്ക്‌ വേണ്ട നിര്‍ദ്ദേശങ്ങള്‍ മന്ത്രി നല്‍കുകയും ചെയ്തു. 
 
തൊട്ടടുത്ത ദിവസം, പ്രൊഡ്യുസേഴ്സ്‌ അസ്സോസിയേഷന്റെ പ്രസിഡന്റ്‌ സുരേഷ്‌ കുമാറിന്റെ നേതൃത്വത്തില്‍, ആ സംഘടനയുടെ പ്രതിനിധികള്‍ സൈബര്‍ സെല്‍ മേധാവിയെ പോയികണ്ട്‌ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി. അന്‍വര്‍ എനിക്കയച്ചുതന്ന ലിങ്കുകളും, ഫെയ്സ്ബുക്‌ പ്രൊഫെയിലുകളും ഞാന്‍ ആന്റ്‌ പൈറസി സെല്ലിന്‌ ഫോര്‍വേഡ്‌ ചെയ്തുകൊടുക്കുകയും ചെയ്തു. അതിന്റെ പിറ്റേന്ന്, എന്റെ വീടിനടുത്തുള്ള ഒരു സ്ഥാപനത്തില്‍, പ്രേമം ഒരു ഡാറ്റാ കാര്‍ഡില്‍ നിന്ന് റ്റെലിവിഷനില്‍ പ്ലേ ചെയ്യുന്നു എന്നറിഞ്ഞപ്പോള്‍, പോലിസിനേയും കൂട്ടി ഞാന്‍ അവിടെ ചെന്ന്, അത്‌ പ്ലേ ചെയ്ത പത്തൊന്‍പത്‌ വയസ്സുള്ള ഒരു പയ്യനെ പിടികൂടുകയും ചെയ്തു. അവന്‍ പഠിക്കുന്ന ഐ റ്റി ഐയിലെ എല്ലാവരുടെ കൈയ്യിലും പ്രേമത്തിന്റെ വ്യാജന്‍ ഉണ്ടത്രെ. അവനേയും കൂട്ടുകാരേയും അറസ്റ്റ്‌ ചെയ്യിച്ച്‌, ഉള്ളിലിടാന്‍ എന്റേയോ, അന്‍വറിന്റെയോ മനസനുവദിച്ചില്ല. പോലിസ്‌ ഇപ്പോഴും ഇതിന്റെ ഒറിജിന്‍ കണ്ടെത്താനുള്ള അന്വേഷണത്തിലാണ്‌. 
 
അതിനു ശേഷം, അന്‍വറിന്റെ മാനേജര്‍ എന്നെ ബന്ധപ്പെട്ട്‌, പ്രേമത്തിന്റെ വ്യാജ സീഡികള്‍ വില്‍ക്കുന്ന മലപ്പുറത്തെ ചില കടകളുടെ വിവരങ്ങള്‍ തന്നു. ഞാനത്‌ അപ്പോള്‍ തന്നെ ആഭ്യന്തരമന്ത്രിയുടെ ഓഫീസിന്‌ കൈമാറുകയും, അവിടെനിന്ന് ജില്ല പോലിസ്‌ മേധാവിക്ക്‌ വേണ്ട നിര്‍ദ്ദേശങ്ങള്‍ കൊടുക്കുകയും ചെയ്തു. പൂര്‍ത്തിയാക്കാന്‍ ഏറ്റവും സമയമെടുക്കുന്ന ഒന്നാണ്‌ സൈബര്‍ ഇന്‍വെസ്റ്റിഗെഷന്‍. ഇന്ന്, അന്വേഷിച്ചപ്പോള്‍ എനിക്കറിയാന്‍ കഴിഞ്ഞത്‌ മലപ്പുറം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ വ്യാപകമായ റെയ്ഡുകള്‍ നടക്കുന്നുവെന്നും, നിരവധിയാളുകളെ ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്നുമാണ്‌. നാളെ ഈ വിഷയത്തില്‍ വളരെ സുപ്രധാനമായ ഒരു തീരുമാനവും ഉണ്ടാകാനിടയുണ്ട്‌. 
 
ഈ പ്രശ്നത്തില്‍, അന്‍വറിന്റെ സംഘടനയായ ഫെഫ്ക്ക ഒന്നും ചെയ്തില്ല എന്ന ധാരണ തിരുത്തുവാനാണ്‌, ഇത്രയും വിശദീകരിച്ചത്‌. ഉന്നതനായ ഒരു കലകാരന്‌ പറഞ്ഞിട്ടുള്ളപോലെ, തികച്ചു വൈകാരികമായിട്ടാണ്‌ അന്‍വര്‍ ഇപ്പോള്‍ പ്രതികരിച്ചിരിക്കുന്നതും, രാജിപ്രഖ്യാപനം നടത്തിയിട്ടുള്ളതും. അംഗത്വം, രാജി തുടങ്ങിയ സാങ്കേതികതകളില്‍ ഒതുങ്ങിനില്‍ക്കുന്ന ഒന്നല്ല, സംവിധായകരുടെ കൂട്ടായ്മയും അന്‍വറും തമ്മിലുള്ള ബന്ധം. അന്‍വര്‍ എന്നും ഞങ്ങളുടെ ഭാഗമായിരിക്കും. പ്രേമത്തിന്റെ വ്യാജവേട്ടയില്‍ എന്റേയും എന്റെ സംഘടനയുടേയും ഊര്‍ജ്ജസ്വലമായ പങ്കാളിത്തം തുടര്‍ന്നും ഉണ്ടാവും. അന്‍വര്‍ തീരുമാനിച്ചുറച്ചാല്‍ പോലും, അന്‍വറിന്‌ ഒറ്റപ്പെടാന്‍ സാധിക്കില്ല, ഞങ്ങള്‍ അത്‌ സമ്മതിക്കില്ല എന്ന് നിറഞ്ഞ സ്നേഹത്തോടെ പറഞ്ഞുകൊള്ളട്ടെ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :