60 ദിവസത്തെ ജയിൽ ജീവിതം: തെളിവുകൾ കെട്ടിച്ചമച്ചത്, മറ്റാർക്കോ വിരിച്ച വലയിൽ ചെന്നുവീണു; ഷൈൻ ടോം ചാക്കോ പറയുന്നു

എന്റെ മമ്മി രണ്ടാഴ്ചയോളം ആഹാരമൊന്നും കഴിച്ചില്ല. ഓരോ ബുധനാഴ്ചയും ജാമ്യം കിട്ടുമെന്ന് പ്രതീക്ഷിച്ചു ഡാഡി വരുന്നതും കാത്തിരിക്കുമായിരുന്നു.

Last Modified ബുധന്‍, 3 ജൂലൈ 2019 (08:18 IST)
സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സമയത്ത് കേസില്‍ കുടുങ്ങി ജയിലില്‍ പോകേണ്ട അവസ്ഥയെ കുറിച്ച് പറഞ്ഞ് നടന്‍ ഷൈന്‍ ടോം ചാക്കോ. തന്നെ കുടുക്കാന്‍ ഉപയോഗിച്ച തെളിവുകളെല്ലാം കെട്ടിച്ചമച്ചതാണെന്നും മാറ്റാരെയോ കുടുക്കാന്‍ എറിഞ്ഞ വലയില്‍ താന്‍ ചെന്നു വീണതാകാമെന്നും ഫ്ളാഷ് മൂവീസുമായുള്ള അഭിമുഖത്തില്‍ ഷൈന്‍ ടോം ചാക്കോ പറഞ്ഞു.

‘ഇതിഹാസ എന്ന ചിത്രത്തിന്റെ അപ്രതീക്ഷിത വിജയം എല്ലാവരെയും അത്ഭുതപ്പെടുത്തി. എനിക്ക് പെട്ടെന്ന് ജിവിതത്തില്‍ വലിയൊരു പ്രതീക്ഷ കൈവന്നു. ആ സമയത്താണ് ജീവിതത്തെ മാറ്റി മറിച്ച സംഭവങ്ങളുണ്ടായത്. അറുപതുദിവസത്തോളം ജയിലില്‍ കഴിഞ്ഞു. എനിക്ക് ആത്മവിശ്വാസം നല്‍കി എന്നെ കുടെ നിറുത്തിയത് സഹതടവുകാരനായിരുന്ന ഗണപതിയാണ്. ഗണപതി തമിഴ്‌നാട്ടുകാരനാണ്. രജനികാന്തിന്റെയും ശിവാജി ഗണേശന്റെയും എം.ജി.ആറിന്റെയുമൊക്കെ കഥകള്‍ പറഞ്ഞു എന്നെ നിരന്തരം മോട്ടിവേറ്റ് ചെയ്യും. എന്നാല്‍ നമ്മളെ നിരാശപ്പെടുത്തുന്ന കാര്യങ്ങള്‍ പറയുന്ന തടവുകാരും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു.’

‘വിശ്വാസം അതല്ലേ എല്ലാം എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടയ്ക്കാണ് ഇതെല്ലാം സംഭവിക്കുന്നത്. അപ്പോള്‍ കഥാപാത്രത്തിന്റെ പ്രത്യേക ലുക്കിന് വേണ്ടി ഞാന്‍ മുടി നീട്ടി വളര്‍ത്തിയിരുന്നു. മുടി വെട്ടല്ലേയെന്ന് അഭ്യര്‍ത്ഥിച്ചിട്ടും ജയില്‍ സൂപ്രണ്ട് നിര്‍ബന്ധിപ്പിച്ച് മുടി വെട്ടിപ്പിച്ചു. കുടുംബാംഗങ്ങള്‍ എല്ലാവരും ഇതറിഞ്ഞു ശരിക്കും തളര്‍ന്നു പോയി.എന്റെ മമ്മി രണ്ടാഴ്ചയോളം ആഹാരമൊന്നും കഴിച്ചില്ല. ഓരോ ബുധനാഴ്ചയും ജാമ്യം കിട്ടുമെന്ന് പ്രതീക്ഷിച്ചു
ഡാഡി വരുന്നതും കാത്തിരിക്കുമായിരുന്നു. എന്നാല്‍ ജാമ്യം കിട്ടിയത് അറുപതു ദിവസം കഴിഞ്ഞാണ്. എന്നെ കുടുക്കാന്‍ ഉപയോഗിച്ച് തെളിവുകളെല്ലാം തന്നെ കെട്ടിച്ചമച്ചതായിരുന്നു. മറ്റാരെയാ കുടുക്കാന്‍ എറിഞ്ഞ വലയില്‍ ഞാന്‍ ചെന്നുവീണതാവാനും സാധ്യതയുണ്ട്, എല്ലാം കോടതിയില്‍ വ്യക്തമാകുമെന്ന് പ്രതീക്ഷിക്കുന്നു’ ഷൈന്‍ പറഞ്ഞു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :