വംശീയാധിക്ഷേപം: ദേശീയ വനിതാകമ്മീഷന് മുമ്പില്‍ ഹാജരാകില്ലെന്ന് സോംനാഥ് ഭാരതി

WEBDUNIA|
PTI
വംശീയാധിക്ഷേപം നടത്തിയ സംഭവത്തില്‍ ദേശീയ വനിതാകമ്മീഷന് മുമ്പില്‍ ഹാജരാകണമെന്ന നിര്‍ദ്ദേശം സോംനാഥ് ഭാരതി തള്ളി. തിരക്കുകള്‍ മൂലം നേരിട്ട് ഹാജരാകാന്‍ സാധിക്കില്ലെന്ന് സോംനാഥ് വക്കീല്‍ മുഖാന്തരം അറിയിച്ചു. വനിതാകമ്മീഷന്റെ നിര്‍ദ്ദേശം തള്ളിയ സോംനാഥിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കമ്മീഷന്‍ ആവശ്യപ്പെട്ടു. സോംനാഥിന്റെ വക്കീലും വനിത കമ്മീഷനും തമ്മില്‍ തര്‍ക്കമുണ്ടായി.

കമ്മീഷന് മുമ്പില്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് സോംനാഥ് ഭാരതിക്ക് കഴിഞ്ഞ ദിവസം നോട്ടീസ് അയച്ചിരുന്നു.അതേ സമയം സോംനാഥ് ഭാരതി രാജിവെക്കണമെന്നാവശ്യവുമായി ബിജെപി നേതാക്കള്‍ ഇന്ന് ലഫ്റ്റനന്റ് ഗവര്‍ണറെ കാണും. കഴിഞ്ഞ ദിവസം ആംആദ്മി പാര്‍ട്ടി രാഷ്ട്രീയകാര്യസമിതി സോംനാഥ് ഭാരതി രാജിവെക്കേണ്ടതില്ലെന്ന നിലപാടെടുത്തിരുന്നു. മോശം ഭാഷ ഉപയോഗിച്ചതിന് സമിതി സോംനാഥ് ഭാരതിയെ താക്കീത് ചെയ്തു.

സോംനാഥ് ഭാരതിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ കഴിഞ്ഞ ദിവസം ലെഫ്റ്റനന്റ് ഗവര്‍ണറെ കണ്ടിരുന്നു. ഭാരതിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് എം.എല്‍ എ മാരും രംഗത്തെത്തിയിട്ടുണ്ട്. ഭാരതിക്കെതിരെ നടപടിയെടുക്കണമെന്ന് ലഫ്റ്റനന്റ് ഗവര്‍ണര്‍ ആവശ്യപ്പെട്ടതായാണ് സൂചന.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :